ആഘോഷം

minnumol

അച്ഛന്‍ വന്നു….മിന്നുമോള്‍ക്ക്‌ മഞ്ഞു പോലെ
വെളുത്ത ഉടുപ്പ്…..ചിന്നുക്കുട്ടിക്കു ചുവപ്പും….
അപ്പുവിനു കളിക്കാന്‍ വണ്ടി….
അമ്മയ്ക്കും കിട്ടി സാരി…….
പുത്തനുടുപ്പിട്ട്…അച്ഛന്‍ കൊണ്ടുവന്ന..
ഐസ്ക്രീം നുണഞ്ഞു…കുഞ്ഞുങ്ങള്‍ ഉറങ്ങി…
പൂമ്പാറ്റകളെയും…പൂക്കളെയും സ്വപ്നം കണ്ട്….
പുഞ്ചിരിച്ചു…തിരിച്ചു വരാത്ത ലോകത്തേക്ക്..
അവര്‍ പറന്നുയരെ….താഴെ പായയില്‍…
പുത്തന്‍ സാരിയുടുത്തമ്മയും…
അടുത്ത് അച്ഛനും…പോകാനൊരുങ്ങുകയായിരുന്നു….
ബാങ്കു വായ്പകളും…പലിശക്കാരുമില്ലാത്ത…
ലോകത്തേക്ക്…തങ്ങളുടെ
പൊന്നോമനകളായ….മാലാഖമാരുടെ അടുത്തേക്ക്…
അപ്പോഴും ….അപ്പുവിന്‍റെ വണ്ടി കാത്തിരിക്കുകയായിരുന്നു….
കാലത്ത്‌ അവന്‍ എത്തുന്നതും കാത്ത്……

നീയെന്ന ചിത്രം

neeyenna chithram

നീ എന്‍റെ കവിത..
നനഞ്ഞ മണ്ണില്‍…
നിഴലുകള്‍ വരച്ച നിശ്ചലതയുടെ..
ചിത്രങ്ങള്‍ പേറുന്ന…
എന്‍റെ ക്യാന്‍വാസ്‌….

സ്വപ്നങ്ങളുടെ…
കൊഴിഞ്ഞ ചീളുകള്‍..
പെറുക്കിക്കൂട്ടി..
സ്നേഹനൂല്‍ക്കൊണ്ട്…
ചില്ലയില്‍ക്കെട്ടിയ
കളിവീട്ടിലെ അതിഥി…

നഷ്ടമായ സ്വര്‍ണച്ചിറകുകളെ…
ഓര്‍ത്തു കരഞ്ഞ്….
വസന്തകാലത്തിന്‍റെ ഓര്‍മ്മകളില്‍….
പൂക്കളെക്കാണാന്‍ കൊതിച്ച്…
പാറിയെത്തിയ ചിത്രശലഭം,….

എന്‍റെ മനസ്സില്‍…
നനവു പടര്‍ത്തി…
മണ്ണില്‍ പുതുമണം ബാക്കിവച്ച്…
യാത്ര പറയാതെ…
ഓടി മറഞ്ഞ വേനല്‍മഴ…

പുസ്തകത്താളുകളില്‍…
തുടക്കവും ഒടുക്കവും…
രാഗ വൃത്തങ്ങളുമില്ലാത്ത…
ഹൃദയത്തിന്‍റെ ആഴത്തിലെഴുതിയ….
എന്‍റെ സ്വന്തം കവിത……..

പെഷവാര്‍ നമുക്കു തന്നത്

peshvar cand

ബാല്യത്തില്‍ നിറങ്ങള്‍ കൌതുകങ്ങളായ്…
വെളുപ്പ്‌, ചുവപ്പ്, പച്ച, മഞ്ഞ, വെള്ള…
പിന്നെയറിഞ്ഞു ഞാന്‍ കാലം കടക്കെ…
നിറങ്ങള്‍ പലതും പലപ്പോഴായ്‌…
പലരുടേതെന്നും പലതെന്നും…
പച്ചയവരുടെ നിറം, ചുവപ്പിവരുടേയും..
മഞ്ഞ മറ്റു പലരുടേതും, പിന്നെ
ജ്വലിക്കും നിറങ്ങള്‍നീളെ നിറഞ്ഞും….
രാജ്യങ്ങളിലായ് പടര്‍ന്നു മെല്ലെ…
രാമായണം, ബൈബിള്‍, ഖുറാന്‍..
ഒക്കെ നിറങ്ങള്‍ തിന്നു തീര്‍ക്കേ…
ക്രിസ്തുവും, നബിയും, കൃഷ്ണനും..
നിറങ്ങള്‍ വീണു വികൃതമാകെ…
പിന്നിവിടെ പടര്‍ന്നതോ, കടുത്ത…
ഒരേ നിറം, ഒഴുകും ചോരച്ചുവപ്പ്….
മനുഷ്യസിരകളിലൊഴുകുമീ നിണം…
ചുവപ്പാണെന്നതും, ഒരേ നിറമെന്നതും…
മതം സ്നേഹമാണെന്നതും,നാടമ്മയെന്നതും…
സഹോദര്യമാണ് വെളുപ്പെന്നും….
അതിര്‍ത്തിയില്ലീ… ലോകത്തിനെന്നും…
അറിയാതോഴുക്കുന്നീ നിണമിന്നും….
ഇന്നിതാ എത്തി നില്‍ക്കുന്നീ മണ്ണിതില്‍…
പിഞ്ചുപൈതങ്ങള്‍തന്‍ കൂട്ടകുരുതിയില്‍…
തച്ചുടയ്ക്കുവാന്‍ നേരമായിന്നിതാ…..
നിറങ്ങളില്‍ നിറയുമീ ഭീകരവാദത്തെ…
തകര്‍ത്തെറിയാമീ വേലിക്കെട്ടുകള്‍…
മായ്ച്ചു വരയ്ക്കാമിന്നീ അതിര്‍ത്തികള്‍…
ഉയരട്ടെ പുതുകാഹളം മണ്ണില്‍…
പുലരട്ടെയൊരു നിറം മാത്രമീ മണ്ണില്‍….
തെളിക്കാം വിളക്കുകളീ കുഞ്ഞുമക്കള്‍ക്കായ്…

പെഷവാറിലെ തേങ്ങലുകള്‍

peshavaar kuj
പുഴയുടെ കുഞ്ഞോളങ്ങളില്‍…
ചിതറിയ കടലാസു വള്ളങ്ങള്‍…
പുസ്തകത്താളിലുറങ്ങും മയില്‍പീലി…
ചിതറിപ്പോയ വളപ്പൊട്ടുകള്‍…
ഇനിയും തിരികെയെത്താത്ത കാല്‍പ്പാടുകള്‍…
നിലച്ചു പോയ പൊട്ടിച്ചിരികള്‍….
ഊതിക്കെടുത്തിയ വെളിച്ചങ്ങള്‍….
തേങ്ങലടങ്ങാത്ത അമ്മ മനസുകള്‍….
ആര്‍ദ്രമാകട്ടെ കരിങ്കല്‍ഹൃദയങ്ങള്‍….

സ്വപ്നവീട്

puzhaveedu
പുഴക്കരയിലെ വീട്…..
അവര്‍ നെയ്ത സ്വപ്നവീട്….
ആഴ്ന്നു നില്‍ക്കുന്ന മൗനം…
വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍…
ചുറ്റും പൂത്ത മരങ്ങള്‍….
ആകാശത്തേക്ക് പടരാന്‍…
കൊതിക്കുന്ന വള്ളികള്‍…
ജനാലയിലൂടെ കാണുന്ന….
ആകാശത്തെ നക്ഷത്രങ്ങള്‍…
എഴുതാനെടുത്ത കടലാസില്‍…
പുഴവെള്ളത്തിന്‍റെ നനവ്‌….
ഒഴുകിപ്പരക്കുന്ന ഓളങ്ങളില്‍…
കണ്ണുകളാഴ്ത്തി, കണ്ണീരിലലിഞ്ഞു..
പുഴക്കരയിലെ തണുപ്പില്‍….
അവരുടെ വീടും അവനും…
ഓളങ്ങളുടെ ഓരോ വരവും….
വീടിനെ നനച്ചുകൊണ്ടിരുന്നു…
പുഴയുടെ തണുപ്പില്‍, നിലാവില്‍…
നക്ഷത്രങ്ങളുടെ പ്രതിബിംബത്തില്‍….
പൂത്ത മരങ്ങളുടെ നിഴലില്‍…
അവനറിഞ്ഞു, തൊട്ടടുത്ത്…
അവളുടെ സാമീപ്യം…
ഒരു നനവായ്‌..നേര്‍ത്ത സ്പര്‍ശമായ്‌……

നഷ്ടസ്വപ്നം

nashtaswapnam

രാവിതേറെക്കടന്നു….
പ്രിയ മൗനമേ…
ഈ മഞ്ഞുധൂളികള്‍…
മെല്ലെപ്പരക്കെ….
ഒരു കൊച്ചു സ്വപ്നം…
എനിക്കായ് നല്‍കി
ഈ രാവില്‍ വീണ്ടും…
എന്നെ തനിച്ചാക്കി…
നീ പോകാനിറങ്ങേ…
നിലാവസ്തമിക്കും മുന്‍പേ…
നക്ഷത്രക്കൂട്ടങ്ങള്‍..
വിടപറയും മുന്‍പേ…
ഒരു പുഞ്ചിരി കടം വച്ചു…
മെല്ലെ മയങ്ങട്ടെ ഞാന്‍…

അപ്പൂപ്പന്‍താടികള്‍

appooppanthaadi

ഒരു തെളിഞ്ഞ പകലില്‍….
ആരെയോ തിരഞ്ഞിറങ്ങിയ…
അപ്പൂപ്പന്‍താടികള്‍….
പ്രജ്ഞയറ്റ്‌ പറന്നുപറന്ന്…
അന്തരീക്ഷത്തില്‍ നിറയെ…
ഓര്‍മ്മക്കുറിപ്പുകള്‍ പരതി…
ഏറ്റവും പ്രിയപ്പെട്ട…
എന്തിനെയോ തിരഞ്ഞ്…
ഒടുവില്‍ കാറ്റിന്‍കരങ്ങളില്‍…
ചുംബിച്ച്, ഊയലാടി…
മണ്ണില്‍വീണു മറയുമ്പോഴും…
അവളിലെ പ്രണയത്തൂവല്‍…
മരിക്കാതെ കാത്തിരിക്കുന്നു…
വീണ്ടുമൊരു പുനര്‍ജ്ജന്മത്തിനായി…

മുതലെടുപ്പ്

അവര്‍ എറിഞ്ഞുടച്ച്….
തമ്മിലടിച്ച് തല കീറുമ്പോള്‍….
ഇരുവശത്തും വാചകങ്ങള്‍
അരങ്ങു തകര്‍ക്കുമ്പോള്‍…
ദീനതയോടെ അതുനോക്കി….

ടീവീ യുടെ മുന്നിലിരിക്കുന്ന…
സാധാരണക്കാരുടെ സ്വപ്‌നങ്ങള്‍…
മനസിന്‍റെ ഇരുമ്പഴിക്കുള്ളില്‍….
ദ്രവിച്ചു തീരാന്‍ വിധിക്കപ്പെട്ടവര്‍….
ഉദയാസ്തമയങ്ങള്‍ക്കിടയില്‍…
ഒരു നേരത്തെ ആഹാരത്തിനും…
വസ്ത്രത്തിനുമായി മാത്രം…
കാത്തിരിക്കുമ്പോഴും, സ്വപ്നം കാണാന്‍…
വിധിക്കപ്പെട്ട പൊതുജനം….

രാഷ്ട്രീയക്കാരുടെ കടിപിടിക്കഥകള്‍….
അച്ചടിച്ച വിലകൂടിയ മലയാള-ഇംഗ്ലീഷ് പത്രം…
വിരിച്ചുറങ്ങാന്‍ മാത്രം അര്‍ഹതപ്പെട്ടവര്‍….
അവരുടെ സ്വപ്നങ്ങള്‍ക്ക് പുല്ലുവില പറഞ്ഞ്..
ആര്‍ത്തു ചിരിക്കുന്ന ഭരണകൂടം…

ചൂണ്ടുവിരലില്‍ പുരളുന്ന മഷിയുടെ….
നനവുണങ്ങും വരെ…നെഞ്ചേറ്റി നടന്നു…അവരുപേക്ഷിച്ചവര്‍…
വിലക്കയറ്റവും, കരിഞ്ചന്തയും,അക്രമങ്ങളും നിറച്ച്…
അവര്‍ക്കു തേരിലേറാന്‍…ചാവേറായവര്‍….
വിലയേറിയ സപ്രമഞ്ചത്തില്‍ ശയിക്കുന്നവര്‍….
നിങ്ങളെ ഒറ്റുകൊടുത്ത വെള്ളിക്കാശില്‍…
നിദ്രാഭംഗമില്ലാതെ സുഭിക്ഷമായി ഭക്ഷിക്കുന്നവര്‍…

മാറ്റത്തിന്‍റെ കാഹളത്തിനായി
കാതോര്‍ത്തില്ലെങ്കില്‍…
പുതിയ ചട്ടങ്ങളെ മാറ്റിമറിച്ചില്ലെങ്കില്‍…
സ്വപ്‌നങ്ങള്‍ വെറും മോഹഭംഗങ്ങളായി
നിങ്ങള്‍ക്കവശേഷിപ്പിക്കേണ്ടി വരും….
തിരിച്ചറിയുക…………

പ്രണയത്തിന്

 

കാടിന്‍റെ പച്ചപ്പില്‍നിന്ന്…
ഊര്‍ന്നിറങ്ങി…
കടലിന്‍റെ നീലിമയെ…
നെഞ്ചോടു ചേര്‍ത്ത…
പ്രിയ പ്രണയമേ…

നിന്നെ ഞാനിന്നീ…
മേഘവെണ്മയിലലിയിച്ച്…
അസ്തമന സൂര്യന്‍റെ…
ചുവന്ന തേജസില്‍…
മൌനത്തിന്‍ക്യാന്‍വാസില്‍…
കാടിന്‍റെ പശ്ചാത്തലത്തില്‍…
കടലിനെ സാക്ഷിയാക്കി…
വരച്ചു ചേര്‍ക്കട്ടെ…
ഒരു മനോഹര ചിത്രമായി…
എന്‍റെ ജീവനില്‍…..